Thursday 8 November 2012

തിരിച്ചറിവ്

ഓര്‍ത്തിരിക്കുവാനൊരു ചുംബനം മോഹിച്ചു ഞാന്‍ ,
നിന്നാര്‍ദ്രമൊരു നോക്കിനു കണ്‍പാര്‍ത്തു ,
നീട്ടിയില്ലൊരു പൂവുമെന്നു പരിഭവിച്ചു,
കുഞ്ഞു സമ്മാനപ്പൊതി കനവു കണ്ടു.

ഓര്‍ക്കാതിരിക്കുവാനാവാത്ത  ഈ ദിനങ്ങളില്‍ ,
ഓര്‍ക്കുവാനിവയൊന്നുമേ വേണ്ടെന്നറിയുന്നിവള്‍..
ഒരു കുരുമുളകുമണിയുടെ എരിവില്‍,
ഒരു മാതളപ്പൂവിന്റെ ചിരിയില്‍,
ഒരു കടുംകാപ്പിയുടെ മണത്തില്‍,
ഒരജ്ഞാതന്റെ മൊഴിമുഴക്കത്തില്‍...

ഓര്‍ക്കാതിരിക്കുവാന്‍ ഞാനെന്തു ചെയ്യണം?
അത് ചൊല്ലിത്തരുവാന്‍ മാത്രം, വരിക, ഒരിക്കല്‍ കൂടി.



(ചിത്രം ഗൂഗിളില്‍ നിന്ന്)


Thursday 1 November 2012

മാനത്തുകണ്ണി

പുഴയൊഴുകിയ വഴിയാകെ ഇതളുകളായിരുന്നു,
നിറംവാര്‍ന്നു പടരുന്നയിതളുകള്‍.
ഒഴുകിവന്നു വേരുപിടിച്ച പേരറിയാച്ചെടിയുടെ 
മണമില്ലാപ്പൂക്കളുടെ നേര്‍ത്ത മഞ്ഞയിതളുകള്‍  
ഒരിക്കലുമിലകൊഴിയാത്ത, എന്നും പൂവിട്ടു പൊഴിക്കുന്ന,
പരദേശിച്ചെടിയുടെ പരാഗമില്ലാപ്പൂക്കള്‍.
ഉടലാകെപ്പടര്‍ന്ന നിറമുള്ള വെള്ളം,
എക്കലിനും  പായല്‍പ്പച്ചയ്ക്കും മീതെ,
ധൃതിയേതുമില്ലാതെ, എന്നാല്‍ നിലയ്ക്കാതെ 
കരയോടുകരതൊട്ട് ഒഴുകുന്നു .

കുളവാഴവേരിലെ കൊതുകുകള്‍ മഞ്ഞ,
വരാലിന്നിത്തിരിക്കുഞ്ഞുങ്ങള്‍ മഞ്ഞ,
കണ്ടുകൊതിതീരാത്ത മാനവും,
ഉള്ളുപൊട്ടിക്കരഞ്ഞ കണ്ണീരും മഞ്ഞ 

പിത്തമല്ലുന്മാദമെന്നു ഭയന്നു ചിറകൊതുക്കിയെ-
ന്നിണതന്നുടലു പറ്റി നില്‍ക്കവേ 
നിന്‍റെ  മാനമിതിന്നാഴത്തിലെന്നു  ചൊല്ലാറുള്ള
കണ്‍കളുടെ നീലിമയെന്നോടു ചിരിച്ചു, ഒരു മഞ്ഞച്ചിരി.