Wednesday, 1 August 2012

ഭ്രാന്തി

ഹൃദയത്തിലെ അവസാനത്തെ തുള്ളി സ്നേഹവും ഊറ്റിയെടുത്തിട്ട്,
അതിലൊരു കത്തി താഴ്ത്തിയിട്ട്‌,
ചീറ്റിത്തെറിക്കുന്ന  ചോര കണ്ടു കൈകൊട്ടിച്ചിരിക്കുന്നവര്‍..
ഞാന്‍ ഭ്രാന്തിയാണു  പോല്‍ ,
ഭ്രാന്തെനിക്കാണു  പോല്‍...


Wednesday, 4 July 2012

അഴി

ഒരു പുഴയുടെ വക്കത്ത് വിരലു കോര്‍ത്തു പിടിച്ചു നടന്നു..
സമയമോ ദൂരമോ തിരിയാതെ,
കാല്‍വണ്ണ നോവാതെ, വെയിലത്തു തളരാതെ ,
പുറകോട്ടു നോക്കാതെ, ഒട്ടൊന്നു നില്‍ക്കാതെ..
ഒടുവിലീ അഴിമുഖത്ത് അലറുന്ന കടലു നോക്കി നില്‍ക്കുമ്പോള്‍,
ഓരുവെള്ളം തട്ടിയ പ്രാണനുകളോരോന്നായ്‌ വന്നുരുമ്മുന്നു കാല്കളില്‍ ..
വഴിയിലെങ്ങോ അഴിഞ്ഞ വിരല്‍കളില്‍ കാറ്റ് ഉപ്പു പുരട്ടുന്നു..
മുടി പാറിപ്പറക്കുന്നു, 
മനസു നിന്നെയുരുമ്മാന്‍ കൊതിക്കുന്നു..

അന്ധകാരനഴിയുടെ ഓര്‍മയ്ക്ക് 

Tuesday, 19 June 2012

ചില്ല്

ഒരു ചില്ലുടഞ്ഞ ജനലിനിരുപുറം നമ്മള്‍..
അപാരതയിലെങ്ങോ നീയും,
അഴികളെ മറന്നു ഞാനും.
കണ്ടത് ഒരേ ആകാശവും ഭൂമിയും,
ഒരുപോല്‍  തുടുത്ത കനവുകളും.
കേട്ടത് മറക്കാനാവാത്തൊരീണം,
ഇരുവര്‍ക്കും തിരിയാത്ത ഭാഷ.
ശ്വസിച്ചു  സ്വന്തമാക്കിയത് ഒരേ ഗന്ധം,
ഉറവു കണ്ടെത്താത്ത ഒന്ന്‍..
എന്നിട്ടുമെന്തേ നമ്മള്‍ ഇരുവരായി?
ഒരു ജനലിനിരുപുറമായി??


Wednesday, 13 June 2012

സ്വപ്നം

പറന്നു പൊങ്ങിയ പൂക്കളും,
 ഇതളുവാടിയ ശലഭങ്ങളും,
നടന്നകന്ന മരങ്ങളും,
ചലനമറ്റ മനുഷ്യരും
ഇടകലര്‍ന്നു കണ്ട സ്വപ്നത്തിനൊടുവില്‍ 
എന്നത്തെയുംപോലെ നീ ചിരിച്ചു, 
നിസ്സംഗതയുടെ  തണുപ്പില്‍ ഞാനുറഞ്ഞു.

Friday, 8 June 2012

ഭ്രമം

ഞാനറിയാതെ എന്നില്‍ പ്രണയം സംഭവിച്ചുകൊണ്ടിരിക്കുന്നു...
കണ്ണുതുറന്നിരുന്നു  ഞാനുറങ്ങുന്നു, നിന്നൊടൊപ്പം ..
അന്തരീക്ഷത്തിലേക്കു  കൈനീട്ടി ഞാന്‍ നിന്റെ വിരലുകളില്‍ തൊടുന്നു,
കണ്ണിമയ്ക്കാതെ  വായുവില്‍ ചുംബിക്കുന്നു, നിന്റെ ചുണ്ടുകളില്‍..


Tuesday, 5 June 2012

വിരലുകള്‍ക്കിടയിലൂടെ എവിടെയ്ക്കോ
ഒഴുകിപ്പോയ ഇത്തിരി വെള്ളം...
കൊരിയെടുക്കുമ്പോഴെന്‍ കൈകള്‍
നിറഞ്ഞു തുളുമ്പിയിരുന്നു,
അലയടിക്കാതെ ഒരു കടല്‍ മുഴുവന്‍
എന്റെ കൈയിലൊതുങ്ങിയിരുന്നു,
ഞാനതിലാകാശം കണ്ടു,
നക്ഷത്രങ്ങളെ, നിലാവിനെ, എന്നെ...
നിമിഷങ്ങള്‍ക്കിപ്പുറം, ആ കടല്‍
ഒഴുകിയകന്ന ഇത്തിരി ഉപ്പുവെള്ളമാവുന്നു.

Monday, 28 May 2012


എനിക്കു  മഴയാവണം...
ആരുമറിയാതെ, എല്ലാവരും കാണ്‍കെ, വന്നു 
നിന്‍ മുടിച്ചുരുളുകളില്‍ ഒളിക്കണം,
ഇടവഴികളിലെ മണ്ണില്‍ നിന്‍ പദമുരുമ്മി
കുത്തിയൊലിച്  തിരിഞ്ഞുനോക്കാതെയോടണം
പെയ്തൊഴിഞ്ഞുപോകിലും, നിന്‍ വഴികളില്‍ 
മരങ്ങളില്‍ നിന്ന് ഞാനുതിരണം