Showing posts with label സ്വപ്നം. Show all posts
Showing posts with label സ്വപ്നം. Show all posts

Friday, 1 February 2013

കനവ്

ആരോ വെളുപ്പാന്‍കാലത്ത് കണ്ട സ്വപ്നമായിരുന്നു നമ്മള്‍....,
നേര്‍ത്ത വിരലുകള്‍ കോര്‍ത്ത്‌ പിടിച്ചു നടന്നവര്‍.. 
കിളികള്‍ പാടിയത് നമുക്ക് പ്രണയിക്കാനായ്  മാത്രം,
വഴിയോരങ്ങളില്‍ മരങ്ങള്‍ പൂത്തതും.
ഋതുക്കള്‍ മാറിയത് നമ്മുടെ സമാഗമങ്ങള്‍ വിരസമാകാതിരിക്കുവാന്‍,
നിലാവുദിച്ചതും മാഞ്ഞതും നമുക്ക് കണ്ണുപൊത്തിക്കളിക്കുവാന്‍..
കാറ്റു  വന്നത് , നിനക്കെന്നെ ചേര്‍ത്ത് പിടിക്കുവാന്‍,
അതു നിലച്ചത് ചുംബിക്കുവാന്‍ ഇടവേളകള്‍ക്കായി.

സ്വപ്നത്തിലൊരു വസന്തവും ശിശിരവും മാറി,
ശൈത്യാലസ്യത്തില്‍ നമ്മളിറുകെപ്പുണര്‍ന്നുറങ്ങി.
വെയിലുദിച്ചതും, ആരോ ഒരാളുണര്‍ന്നതും നമ്മളറിഞ്ഞതേയില്ല,
കോര്‍ത്ത വിരലുകളുമായി സ്വപ്നത്തിന്റെ തുടര്‍ച്ചയില്‍ .........

Thursday, 13 September 2012

നീ

മെല്ലെച്ചൊല്ലിയ കനവുകളിലൊന്നില്‍
മുറിയാതെ പെയ്തൊരിടവപ്പാതി..
പരല്‍മീന്‍ നീന്തുന്ന പാടം ,
തൊടിയാകെ നിരന്ന മഴപ്പക്ഷികള്‍,
ആവിപറക്കുന്ന കട്ടന്‍ചായ ,
ചില്ലുഗ്ലാസിലുറഞ്ഞ മധുരത്തരികള്‍,
മുടി ചിതറിക്കുന്ന കാറ്റ്, പിന്നെ
മലനാടന്‍മണ്ണ് നനഞ്ഞ മണവും..



Wednesday, 13 June 2012

സ്വപ്നം

പറന്നു പൊങ്ങിയ പൂക്കളും,
 ഇതളുവാടിയ ശലഭങ്ങളും,
നടന്നകന്ന മരങ്ങളും,
ചലനമറ്റ മനുഷ്യരും
ഇടകലര്‍ന്നു കണ്ട സ്വപ്നത്തിനൊടുവില്‍ 
എന്നത്തെയുംപോലെ നീ ചിരിച്ചു, 
നിസ്സംഗതയുടെ  തണുപ്പില്‍ ഞാനുറഞ്ഞു.