Showing posts with label ഭ്രാന്ത്‌. Show all posts
Showing posts with label ഭ്രാന്ത്‌. Show all posts

Friday, 1 February 2013

കനവ്

ആരോ വെളുപ്പാന്‍കാലത്ത് കണ്ട സ്വപ്നമായിരുന്നു നമ്മള്‍....,
നേര്‍ത്ത വിരലുകള്‍ കോര്‍ത്ത്‌ പിടിച്ചു നടന്നവര്‍.. 
കിളികള്‍ പാടിയത് നമുക്ക് പ്രണയിക്കാനായ്  മാത്രം,
വഴിയോരങ്ങളില്‍ മരങ്ങള്‍ പൂത്തതും.
ഋതുക്കള്‍ മാറിയത് നമ്മുടെ സമാഗമങ്ങള്‍ വിരസമാകാതിരിക്കുവാന്‍,
നിലാവുദിച്ചതും മാഞ്ഞതും നമുക്ക് കണ്ണുപൊത്തിക്കളിക്കുവാന്‍..
കാറ്റു  വന്നത് , നിനക്കെന്നെ ചേര്‍ത്ത് പിടിക്കുവാന്‍,
അതു നിലച്ചത് ചുംബിക്കുവാന്‍ ഇടവേളകള്‍ക്കായി.

സ്വപ്നത്തിലൊരു വസന്തവും ശിശിരവും മാറി,
ശൈത്യാലസ്യത്തില്‍ നമ്മളിറുകെപ്പുണര്‍ന്നുറങ്ങി.
വെയിലുദിച്ചതും, ആരോ ഒരാളുണര്‍ന്നതും നമ്മളറിഞ്ഞതേയില്ല,
കോര്‍ത്ത വിരലുകളുമായി സ്വപ്നത്തിന്റെ തുടര്‍ച്ചയില്‍ .........

Saturday, 15 December 2012

അയനം

സ്വതന്ത്രപ്രയാണത്തിന്റെയന്ത്യപാദത്തിലൊന്നില്‍,
കാറ്റേറ്റു ഘനീഭവിച്ച്,

നിന്നിലുലഞ്ഞു, തിരയായ്‌ പടര്‍ന്നു നുരയായ് പതഞ്ഞു
ചിതറിയ മേഘമായ്

പരിശുദ്ധിയുടെ ചാക്രികചലനത്തിനൊടുവില്‍,
നിന്‍റെയുപ്പു ഭക്ഷിച്ച്

സ്വത്വം വലിച്ചെറിയാന്‍ പുതുവഴികള്‍
പലതു തേടിയലഞ്ഞ്‌

അനാഥമൊരു പൊതുടാപ്പില്‍ നിന്നൂറിയ തുള്ളിയായ്
അമ്മമാറത്തേക്ക്........



Wednesday, 17 October 2012

സിരാപടലം

എന്നില്‍  പടര്‍ന്നു പന്തലിച്ച വള്ളികള്‍.

ചിലത് നീണ്ടു നേര്‍ത്തു,
ചിലതു കോര്‍ത്തു പിണഞ്ഞു.
അയിത്തമായിരുന്നു ചിലതിനു,
പ്രൗഢിത്തഴപ്പോടെയും ചിലത്.

നിയന്ത്രണരേഖകള്‍  ഭേദിച്ചു
പടര്‍ന്നുകയറി പലതും,
നിരുത്തരവാദമായ്
അലസമിഴഞ്ഞു ചിലത്

നിയോഗങ്ങളാല്‍ തളയ്ക്കപ്പെട്ടവ,
വിരളമായ് പുഷ്പിച്ചവ,
ഉള്ളിലെ ജീര്‍ണത തടുക്കാനാവാത്തവ,
പ്രതിരോധമേതും തിരിയാത്തവ.

                                                                                വേര്‍വെടുക്കാനാവാത്തവണ്ണം
                                                                                ഉയിരാകെ നിറയുന്ന നിഗൂഢത..



ചിത്രത്തിനു  കടപ്പാട് ഗൂഗിളിനോട്