Wednesday, 17 October 2012

സിരാപടലം

എന്നില്‍  പടര്‍ന്നു പന്തലിച്ച വള്ളികള്‍.

ചിലത് നീണ്ടു നേര്‍ത്തു,
ചിലതു കോര്‍ത്തു പിണഞ്ഞു.
അയിത്തമായിരുന്നു ചിലതിനു,
പ്രൗഢിത്തഴപ്പോടെയും ചിലത്.

നിയന്ത്രണരേഖകള്‍  ഭേദിച്ചു
പടര്‍ന്നുകയറി പലതും,
നിരുത്തരവാദമായ്
അലസമിഴഞ്ഞു ചിലത്

നിയോഗങ്ങളാല്‍ തളയ്ക്കപ്പെട്ടവ,
വിരളമായ് പുഷ്പിച്ചവ,
ഉള്ളിലെ ജീര്‍ണത തടുക്കാനാവാത്തവ,
പ്രതിരോധമേതും തിരിയാത്തവ.

                                                                                വേര്‍വെടുക്കാനാവാത്തവണ്ണം
                                                                                ഉയിരാകെ നിറയുന്ന നിഗൂഢത..



ചിത്രത്തിനു  കടപ്പാട് ഗൂഗിളിനോട്


Tuesday, 9 October 2012

കവചം

എനിക്ക്  ഒരു പുറന്തോടുണ്ടായിരുന്നെങ്കില്‍;

ശംഖു പോലെയോ, ചിപ്പി പോലെയോ,
ഒച്ചിന്റേതു പോലെയെങ്കിലും...

എങ്കില്‍, അതിലേക്കുള്‍വലിഞ്ഞു ഞാനിരുന്നേനെ,
വിശപ്പോ ദാഹമോ പ്രണയമോ വകവെയ്ക്കാതെ.

ഞാന്‍ തീര്‍ത്ത കോട്ടകള്‍ ഭേദിച്ചു
നീയെപ്പോഴാണകത്തുകയറിയത്?
അതോ നീയകത്തു കയറിയ ശേഷമോ
ഞാന്‍ കോട്ടകളുയര്‍ത്തിയത്?



Thursday, 27 September 2012

കേള്‍വി

കാതില്‍ പറഞ്ഞ സ്വകാര്യങ്ങളിലൊന്നില്‍  
നിന്‍റെ  പ്രണയമുണ്ടായിരുന്നു.
ഇല്ല, ഭയക്കേണ്ട, നീയതു പറഞ്ഞിട്ടില്ല,
ഞാന്‍ കേട്ടതാണ്..

മുഖത്ത് വിഷാദം പടരുന്നത് എനിക്ക് കേള്‍ക്കാം,
നിന്‍റെ നിശബ്ദതയില്‍.

എന്തെന്നോ ആരെന്നോ ചോദ്യങ്ങളില്ല.
അത് പ്രണയമായിരുന്നെന്നു മാത്രം,
അതു മാത്രം മതി, നിന്‍റെ  ഹൃദയത്തിലെ 
ഉണങ്ങാത്ത മുറിവു കണ്ടെത്താന്‍..

പ്രിയമുള്ളവനേ, ആരും തെറ്റുകാരല്ല,
പ്രണയത്തില്‍ ശരിതെറ്റുകളില്ല തന്നെ..


Thursday, 13 September 2012

നീ

മെല്ലെച്ചൊല്ലിയ കനവുകളിലൊന്നില്‍
മുറിയാതെ പെയ്തൊരിടവപ്പാതി..
പരല്‍മീന്‍ നീന്തുന്ന പാടം ,
തൊടിയാകെ നിരന്ന മഴപ്പക്ഷികള്‍,
ആവിപറക്കുന്ന കട്ടന്‍ചായ ,
ചില്ലുഗ്ലാസിലുറഞ്ഞ മധുരത്തരികള്‍,
മുടി ചിതറിക്കുന്ന കാറ്റ്, പിന്നെ
മലനാടന്‍മണ്ണ് നനഞ്ഞ മണവും..



Wednesday, 5 September 2012

ഓര്‍മ

സത്യം പറയണമെന്തിനു വേണ്ടി നീയെന്നെ
യിത്രമേല്‍  സ്നേഹിക്കുന്നു, ചോദിച്ചു നീ പലകുറി.

ഇവിടെയിന്നൊറ്റയ്ക്കീയിരുള്‍പ്പുതപ്പിനു  താഴെ
മറവിയെപ്പുണര്‍ന്നു  ഞാനുറക്കം  നടിക്കവേ,
കാലം തെറ്റിപ്പെയ്തൊരു മഴയുടെയിരമ്പലായ്
വന്നു വീണ്ടുമച്ചോദ്യം മുഖത്തുറ്റു നോക്കവേ,

മതിഭ്രമത്തിന്‍കാലമോര്‍ത്തു , കാതിലലച്ച  കുളിരി-
ലിളകിച്ചിരിച്ചു , കരഞ്ഞു ഞാന്‍...


Wednesday, 1 August 2012

ഭ്രാന്തി

ഹൃദയത്തിലെ അവസാനത്തെ തുള്ളി സ്നേഹവും ഊറ്റിയെടുത്തിട്ട്,
അതിലൊരു കത്തി താഴ്ത്തിയിട്ട്‌,
ചീറ്റിത്തെറിക്കുന്ന  ചോര കണ്ടു കൈകൊട്ടിച്ചിരിക്കുന്നവര്‍..
ഞാന്‍ ഭ്രാന്തിയാണു  പോല്‍ ,
ഭ്രാന്തെനിക്കാണു  പോല്‍...


Wednesday, 4 July 2012

അഴി

ഒരു പുഴയുടെ വക്കത്ത് വിരലു കോര്‍ത്തു പിടിച്ചു നടന്നു..
സമയമോ ദൂരമോ തിരിയാതെ,
കാല്‍വണ്ണ നോവാതെ, വെയിലത്തു തളരാതെ ,
പുറകോട്ടു നോക്കാതെ, ഒട്ടൊന്നു നില്‍ക്കാതെ..
ഒടുവിലീ അഴിമുഖത്ത് അലറുന്ന കടലു നോക്കി നില്‍ക്കുമ്പോള്‍,
ഓരുവെള്ളം തട്ടിയ പ്രാണനുകളോരോന്നായ്‌ വന്നുരുമ്മുന്നു കാല്കളില്‍ ..
വഴിയിലെങ്ങോ അഴിഞ്ഞ വിരല്‍കളില്‍ കാറ്റ് ഉപ്പു പുരട്ടുന്നു..
മുടി പാറിപ്പറക്കുന്നു, 
മനസു നിന്നെയുരുമ്മാന്‍ കൊതിക്കുന്നു..

അന്ധകാരനഴിയുടെ ഓര്‍മയ്ക്ക്