Thursday 27 September 2012

കേള്‍വി

കാതില്‍ പറഞ്ഞ സ്വകാര്യങ്ങളിലൊന്നില്‍  
നിന്‍റെ  പ്രണയമുണ്ടായിരുന്നു.
ഇല്ല, ഭയക്കേണ്ട, നീയതു പറഞ്ഞിട്ടില്ല,
ഞാന്‍ കേട്ടതാണ്..

മുഖത്ത് വിഷാദം പടരുന്നത് എനിക്ക് കേള്‍ക്കാം,
നിന്‍റെ നിശബ്ദതയില്‍.

എന്തെന്നോ ആരെന്നോ ചോദ്യങ്ങളില്ല.
അത് പ്രണയമായിരുന്നെന്നു മാത്രം,
അതു മാത്രം മതി, നിന്‍റെ  ഹൃദയത്തിലെ 
ഉണങ്ങാത്ത മുറിവു കണ്ടെത്താന്‍..

പ്രിയമുള്ളവനേ, ആരും തെറ്റുകാരല്ല,
പ്രണയത്തില്‍ ശരിതെറ്റുകളില്ല തന്നെ..


11 comments:

  1. ശരിതെറ്റുകളിലേക്ക് വലിച്ചു നീട്ടി ..
    മുറിഞ്ഞു രക്തംവാര്‍ക്കുന്ന ..പ്രണയം..!!!

    നന്നായിട്ടുണ്ട് പല്ലവിക്കുട്ടി :)

    ReplyDelete
    Replies
    1. ആദ്യമേ വന്നോ? :)
      ഒരു കുട്ടി വേറൊരു കുട്ടിയോട് നന്ദി പറയുന്നത് ബോറല്ലേ?
      അതുകൊണ്ട് പറയണില്ല കീയക്കുട്ട്യെ...

      Delete
  2. പ്രണയമെരിഞ്ഞു തീര്‍ന്നുവോ പല്ലവി കുട്ടി ..!
    ഇന്നലേയുടെ തൊരാപ്രണയമഴയത്ത്
    കൂട്ട് വെട്ടി തിരിഞ്ഞു നടക്കുമ്പൊള്‍
    മനസ്സ് മിടിച്ചത് എന്തിന് വേണ്ടിയായിരിക്കാം ..?
    അവന്റെ മൗനം പൊലും വായിച്ചെടുക്കാന്‍
    കഴിവുള്ള നീയാണോ പറയുന്നത് , പ്രണയമാകാം എന്ന് ..
    തെറ്റുകള്‍ ആപേക്ഷികമാണ് .. നാളേയത് ശരിയുടെ തേരിലേറീ
    ചാരെ വന്നു കുളിര്‍ നല്‍കും ,, ഒന്നു പൊടിഞ്ഞു പൊയാലും
    അതു തേനുള്ള മഴയില്‍ ആ നീറ്റല്‍ ഒഴുകി പൊകും ..

    ReplyDelete
    Replies
    1. ഏട്ടാ.. പ്രണയം എരിയുന്നതെയുള്ളൂ, തീരുന്നില്ല ആര്‍ക്കും..
      എഴുതിയും പറഞ്ഞും കരഞ്ഞും സ്നേഹിച്ചും ജീവിച്ചും തീരാത്തതു പോലെ..
      പ്രണയം ഒരു തുടര്‍ച്ചയാണ്..
      കഥാപാത്രങ്ങളും കഥയും മാറുമെങ്കിലും പ്രണയം ഒന്നുതന്നെയാണ്..
      അതാവാം നമ്മള്‍ കുറച്ചുപേര്‍ വരികള്‍ക്കിടയിലെഴുതുന്നത് ഒരേ വാക്കുകളാവുന്നത്..
      മൗനം ഭാഷയെക്കാള്‍ ശക്തമായിരുന്നു, എന്നും..
      പക്ഷെ വായിക്കപ്പെടാത്ത മൗനം അതിന്‍റെ ഉടമയ്ക്ക് ഒരു സ്വകാര്യ ഭാരമാണ്...

      മഴ കഴുകി വിശുദ്ധമാക്കിയ ഹൃദയം ഒരു പഞ്ഞിക്കുട പോലെ ലഘുവായിരുന്നു...
      പറക്കാന്‍ മുതിരുമ്പോള്‍ അറിയുന്നു , ആ മഴയിലത് കുതിര്‍ന്നു പോയിരിക്കുന്നു

      Delete
  3. ആരും തെറ്റുകാരല്ല, പ്രണയത്തില്‍ ശരിതെറ്റുകള്‍ ഇല്ല തന്നെ..
    നന്നായിട്ടുണ്ട് വരികള്‍..

    ReplyDelete
    Replies
    1. നന്ദി നിത്യ..
      അത് പണ്ട് വിവരമുള്ള (അതോ ഇല്ലാത്തതോ?)ആരോ പറഞ്ഞതാ...
      all is fair in love..
      ശരിയും തെറ്റും ചികഞ്ഞു നടക്കാതിരിക്കാന്‍ ഒരു മുട്ടുന്യായം.. :)

      Delete
    2. ശരിയും തെറ്റും എന്നതുതന്നെ ഒരു തെറ്റാണ്...!

      Delete
  4. പ്രിയപ്പെട്ട പല്ലവി,

    കേള്‍ക്കാന്‍ മോഹിച്ചതെല്ലാം കേള്‍ക്കണമെന്ന് വാശി പിടിക്കാന്‍ പറ്റില്ലല്ലോ.:)

    പറയാതെ പറയുന്ന സ്നേഹസന്ദേശങ്ങള്‍ കേള്‍ക്കാന്‍ കഴിയുമെങ്കില്‍, എത്ര സുകൃതം !

    ആശംസകള്‍ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. സ്നേഹമുള്ള അനു,
      പണ്ടെവിടോ വായിച്ചതാണ്,
      പറയനുള്ളതില്‍ പാതി പറയാതെ പോയി
      പറഞ്ഞതില്‍ പാതി പതിരായും പോയി ..
      എന്ന് പറഞ്ഞ പോലെ പറഞ്ഞതും, കേട്ടതും ഒക്കെ വെറുതെ..
      മിഥ്യ..

      Delete
  5. പ്രണയയത്തിന്‍റെ സ്പന്ദനം നിശബ്ദതയില്‍ കേട്ടുകൊണ്ട് പറയാത്ത വാക്കുകള്‍ അറിഞ്ഞുകൊണ്ട് തുടരട്ടെ.. ശരി തെറ്റുകള്‍ വെറും ബിംബങ്ങള്‍ മാത്രം...!

    ReplyDelete
    Replies
    1. ഭ്രാന്താ..
      കറങ്ങും എന്ന് പറഞ്ഞപ്പോ ഇത്രയ്ക്കങ്ങോട്ട് പ്രതീക്ഷിച്ചില്ല ..
      എന്റെ ഭ്രാന്ത് ഇത്ര നേരംമെനക്കെടുത്തി വായിച്ചല്ലോ..
      നന്ദി പറഞ്ഞു ബോറാക്കണില്ലാട്ടോ

      Delete