Wednesday 4 December 2013

ഋതു

 (കുറെ നാളുകള്ക്ക് ശേഷം വീണ്ടും..
എഴുതുന്നില്ലെന്ന് വിചാരിച്ചിരിക്കുമ്പൊ  വീണ്ടും എന്നെ ഇങ്ങോട്ട്
തള്ളിക്കൊണ്ടു വരുന്ന പ്രിയമുള്ളവർക്ക് വേണ്ടി...
വല്യ ഗുണമൊന്നുമില്ല, സഹിച്ചോ)

ഓര്മകളുടെ ഇങ്ങേയറ്റത്ത്‌ ഒരു ചുംബനമുണ്ട് ,
ചുണ്ടുകളിൽ ഇരുന്നുറഞ്ഞുപോയ ഒന്ന്.
ഒരു മഞ്ഞുകാലത്തിന്റെയറ്റത്ത്
ഇലപൊഴിഞ്ഞു  മരവിച്ചുറങ്ങിയ ചില്ലകൾ

മഞ്ഞുകാലത്തിന്റെ നിസ്സംഗതയ്ക്കുമപ്പുറം
ചില്ലകളിൽ ഉറയാത്ത, മരവിക്കാത്ത ജീവനുണ്ട്.
നീ കണ്ടിട്ടുണ്ടോ അത്?
കാണും;വസന്തത്തിലെ ആദ്യത്തെ കാറ്റ് വീശുന്ന രാവിൽ
നീയും ലോകവുമുറങ്ങുമ്പോൾ,
ആ ചില്ലകളിൽ ജീവനു  തീ പിടിക്കും,
പുലർകാലത്തതു തളിർക്കും.

ശൈത്യകാലനിദ്രയിൽ നിന്നു നീയുണരുമ്പോഴാദ്യം
നടപ്പാതയോരത്തു കുഞ്ഞുപൂക്കൾ ചിരിക്കും
പിന്നീട് ,താഴ്വരയാകെ ചില്ലകളിൽ പുഞ്ചിരികൾ
നിനക്ക് കണ്ടു നിറയാനാവാത്തത്ര.

ആ ചില്ലകളിലേയ്ക്കു നീളുമ്പോൾ ,
നിന്റെ വിരലുകളാദ്യമായ്  വേദനയറിയും
തിരസ്കാരത്തിന്റെ ശൈത്യത്തിലുരുവായ
പ്രതിരോധത്തിന്റെ മുള്ളുകൾ.

നിന്റെ രക്തമാദ്യമായ് ഭൂമി തൊടും
അന്ന് , നിന്റെ വേനൽ  തുടങ്ങും

Friday 1 February 2013

കനവ്

ആരോ വെളുപ്പാന്‍കാലത്ത് കണ്ട സ്വപ്നമായിരുന്നു നമ്മള്‍....,
നേര്‍ത്ത വിരലുകള്‍ കോര്‍ത്ത്‌ പിടിച്ചു നടന്നവര്‍.. 
കിളികള്‍ പാടിയത് നമുക്ക് പ്രണയിക്കാനായ്  മാത്രം,
വഴിയോരങ്ങളില്‍ മരങ്ങള്‍ പൂത്തതും.
ഋതുക്കള്‍ മാറിയത് നമ്മുടെ സമാഗമങ്ങള്‍ വിരസമാകാതിരിക്കുവാന്‍,
നിലാവുദിച്ചതും മാഞ്ഞതും നമുക്ക് കണ്ണുപൊത്തിക്കളിക്കുവാന്‍..
കാറ്റു  വന്നത് , നിനക്കെന്നെ ചേര്‍ത്ത് പിടിക്കുവാന്‍,
അതു നിലച്ചത് ചുംബിക്കുവാന്‍ ഇടവേളകള്‍ക്കായി.

സ്വപ്നത്തിലൊരു വസന്തവും ശിശിരവും മാറി,
ശൈത്യാലസ്യത്തില്‍ നമ്മളിറുകെപ്പുണര്‍ന്നുറങ്ങി.
വെയിലുദിച്ചതും, ആരോ ഒരാളുണര്‍ന്നതും നമ്മളറിഞ്ഞതേയില്ല,
കോര്‍ത്ത വിരലുകളുമായി സ്വപ്നത്തിന്റെ തുടര്‍ച്ചയില്‍ .........