Tuesday 9 October 2012

കവചം

എനിക്ക്  ഒരു പുറന്തോടുണ്ടായിരുന്നെങ്കില്‍;

ശംഖു പോലെയോ, ചിപ്പി പോലെയോ,
ഒച്ചിന്റേതു പോലെയെങ്കിലും...

എങ്കില്‍, അതിലേക്കുള്‍വലിഞ്ഞു ഞാനിരുന്നേനെ,
വിശപ്പോ ദാഹമോ പ്രണയമോ വകവെയ്ക്കാതെ.

ഞാന്‍ തീര്‍ത്ത കോട്ടകള്‍ ഭേദിച്ചു
നീയെപ്പോഴാണകത്തുകയറിയത്?
അതോ നീയകത്തു കയറിയ ശേഷമോ
ഞാന്‍ കോട്ടകളുയര്‍ത്തിയത്?



25 comments:

  1. അറിയുക...നിനക്കൊരിക്കലും ഉള്‍വലിയാന്‍ കഴിയില്ല എന്റെ പ്രണയത്തില്‍ നിന്നും !!!
    നീകൊട്ടകള്‍ തീര്‍ത്തത് എന്നെ നിന്നുള്ളില്‍ സംരക്ഷിക്കാനാണ്..ആരും കണ്ണ് വയ്ക്കാതെ, നിന്നുള്ളില്‍ എന്നെന്നേക്കുമായി !!!

    പല്ലിക്കുട്ടി... എനിക്കിഷ്ടമായി ... നീ പറഞ്ഞപോലെ.. ഏതൊക്കെയോ മതിലുകള്‍ നാം പകുക്കുന്നു :)

    ReplyDelete
    Replies
    1. കീയൂ..
      കോട്ടകള്‍ ഒരിക്കല്‍ക്കൂടി ഭേദിക്കപ്പെട്ടു,
      കടന്നു വന്ന അതെ അദൃശ്യമാം വഴിയിലൂടെ ,
      ഒരു തിരയിറങ്ങിപ്പോകുംപോല്‍ പിന്‍വാങ്ങി..
      എനിക്കറിയുന്ന ഒരേയൊരു വാതിലിന്‍റെ താക്കോല്‍
      കുപ്പായക്കീശയിലൊളിപ്പിച്ച്...

      ഇഷ്ടമായതില്‍ സന്തോഷം അയല്‍ക്കാരീ :)
      നിന്‍റെ കോട്ടയ്ക്കുമേലെ വിരിഞ്ഞ മഴവില്ല് എന്‍റെ കിളിവാതിലില്‍ വന്ന്‍ ചിരിക്കുന്നു..

      Delete
  2. പല്ലവീ......ആശയം ഇഷ്ടായിട്ടോ...വരികളും..ഒപ്പം ചിത്രവും...
    പ്രണയവരികള്‍ക്ക് ഒരു വ്യത്യസ്തതയുണ്ട് കേട്ടോ..

    ReplyDelete
    Replies
    1. ആശാ,
      ആദ്യവരവിനു നന്ദി. അഭിപ്രായത്തിനും..
      ചിത്രം ഗൂഗിള്‍ വക, ആശയം സ്വന്തം :)

      Delete
  3. ഒന്നും വകവയ്ക്കാതെ ഉള്‍വലിയാന്‍ കഴിയില്ല.. ചിലതങ്ങനെയാ..

    നല്ല വരികള്‍, ആശയം..

    ReplyDelete
    Replies
    1. നന്ദി നിത്യ,
      നോവിന്‍റെ അമ്ലം തട്ടി അടര്‍ന്നിളകിയ പുറന്തോട്
      ഉപ്പുവെള്ളത്തില്‍ സ്വയമലിഞ്ഞില്ലാതെയാവുന്ന മൃദുശരീരം
      പരിണാമത്തിന്‍റെ പതിനെട്ടടവുകള്‍ സ്വായത്തമാകാതെപോയവള്‍..

      Delete
    2. "പരിണാമത്തിന്‍റെ പതിനെട്ടടവ് സ്വായത്തമാക്കാതെ പോയവള്‍"
      പരിണാമം അത്രമേല്‍ ആവശ്യമോ? (ഡാര്‍വിന്‍നെ വിളിച്ചു നോക്കട്ടെ!)

      Delete
    3. നിത്യ..
      പരിണാമം ജീവന്റെയും ജീവിതങ്ങളുടെയും നിലനില്പിന് അത്യാവശ്യം
      ഇല്ലേല്‍ എന്നെപ്പോലെ... പുറന്തോടില്ലാതെ...

      Delete
    4. നിലനില്‍പ്പിന്‍റെ ആധാരമായ പരിണാമം...
      ആ പരിണാമം ഇല്ലായിരുന്നെങ്കില്‍...
      മനസ്സ് സാഹചര്യങ്ങള്‍ക്കനുസരിച്ച് പരിണമിക്കപ്പെട്ടില്ലെങ്കില്‍...
      ഈ പരിണാമത്തെ കുറിച്ചു പറയാന്‍ ഞാനുണ്ടോ.. നീയുണ്ടോ.. പല്ലവീ..
      പരിണമിക്കപ്പെട്ടിരിക്കുന്നു... നീയറിയാതെ എപ്പോഴൊക്കെയോ...

      Delete
    5. ആവാം നിത്യ,
      പക്ഷെ അത് പൂര്‍ത്തിയായിട്ടില്ല,
      ഇനിയും യുഗങ്ങളേറെ വേണമെന്നു തോന്നുന്നു..

      Delete
  4. നീ തീര്‍ത്ത പുറം തോട് ..
    ആ പ്രണയത്തിന്റെ ചൂരാണ് ..
    നിന്നില്‍ മാത്രം നിറഞ്ഞു പൊയ സ്നേഹപീലികളില്‍
    രൂപം കൊണ്ട കവചം ..
    പിന്നെ നീ എങ്ങനെയാണ് , അവനില്‍ , അവന്റെ സ്നേഹത്തിനെ
    പുറം തോടു കൊണ്ടു മറക്കുക ..
    അവനുള്ളില്‍ ഇന്നും നീറുന്നത് , അവനാ കവചത്തിന്നുള്ളില്‍
    ഇരുപ്പതു കൊണ്ടത്തേ , ആ കവചം അവന്റെ പ്രണയമത്രേ ..

    ReplyDelete
    Replies
    1. ഏട്ടാ,
      അവന്‍റെ പ്രണയം കവചമെന്നു കരുതിയവള്‍ ഞാന്‍,
      ആ പ്രണയഗന്ധം കടല്‍ചൂരുപോലെ ശാശ്വതമെന്നും..

      ഇന്നു, പഴകി ദ്രവിച്ചൊരു കോട്ടയ്ക്കുള്ളില്‍,
      സ്വയം തീര്‍ത്ത കരുതല്‍ തടങ്കലില്‍ ഞാന്‍..

      ഈ കിളിവാതിലിലൂടെ എനിക്ക് കാണാം ,
      അകലെയാകാശം, മേഘങ്ങള്‍,
      മുന്നിലലറുന്ന കടല്‍...
      കാല്‍ച്ചുവട്ടില്‍ പടര്‍ന്നു കയറുന്ന പായല്‍പ്പച്ച..

      ഇപ്പോഴെന്നെത്തൊട്ട കാറ്റിനുമാത്രം പഴകിയ കടല്‍ചൂര്...

      Delete
  5. ഒരു പക്ഷെ ഒരുമിച്ചാവാം കയറിയത്.. പരസ്പരം അറിഞ്ഞില്ലെന്നു മാത്രം.. :)

    ReplyDelete
    Replies
    1. അറിയാതെയും പറയാതെയും പോയതൊക്കെ ഒരുപാടുണ്ട്..:)
      സന്തോഷം അന്യാ,
      ഇതുവഴി വന്നതിനും ഒരുവരി കുറിച്ചതിനും..

      Delete
  6. Replies
    1. പ്രിയ പദസ്വനം..
      ആദ്യവരവിനും വാക്കുകള്‍ക്കും ഹൃദയം തൊട്ട് സ്നേഹം
      ഈ കാലൊച്ച ഇനിയും ഞാന്‍ കേള്‍ക്കുമല്ലോ, അല്ലെ? :)

      Delete
  7. ഈ വരികള്‍ എനിക്കും ഇഷ്ടമായി.
    ഞാനും ഇവിടെ കൂടിട്ടോ.
    എല്ലാ പോസ്റ്റുകളും നന്നായേ.............

    ReplyDelete
    Replies
    1. ശ്രീ
      ഒരുപാട് സന്തോഷം, പ്രണയാര്‍ദ്രത്തിന്റെ പിന്നിലെ മനസ്സിന്
      എന്റെ വരികള്‍ ഇഷ്ടമെന്ന് കേള്‍ക്കുമ്പോള്‍..
      ഇവിടെ കൂടാല്ലോ..:)
      ഇനിയും കാണാം..

      Delete
  8. എനിക്ക് ഒരു പുറന്തോടുണ്ടായിരുന്നെങ്കില്‍;

    ശംഖു പോലെയോ, ചിപ്പി പോലെയോ,
    ഒച്ചിന്റേതു പോലെയെങ്കിലും...

    എങ്കില്‍, അതിലേക്കുള്‍വലിഞ്ഞു ഞാനിരുന്നേനെ,
    വിശപ്പോ ദാഹമോ പ്രണയമോ വകവെയ്ക്കാതെ.
    നന്നായിരിക്കുന്നു.ഇനിയും എഴുതുക സുഹൃത്തേ വായനക്കാരിയായി ഞാനുണ്ടാകും

    ReplyDelete
    Replies
    1. പ്രിയ സാത്വിക,
      ആദ്യ വരവിനും വിശദമായ വായനയ്ക്കും ഒരുപാട് നന്ദി..
      ഇനിയും എഴുതാം.

      Delete
  9. അത് ശരിയാണ്. ശത്രു അകത്തു കയറിയതിനു ശേഷമാണ് ചിലര്‍ കോട്ട പണിയുന്നത്. ആശംസകള്‍

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം ഈ വഴി വന്നതില്‍..
      ശത്രു?? ആയിരുന്നോ ? ആവോ..
      കോട്ടകള്‍ ചരിത്രത്തില്‍ പലപ്പഴും തടവറകളായിരുന്നു..

      Delete
  10. ഈ കോട്ടയിലെ വാതിലല്ലേ പണ്ടൊരിക്കല്‍ കൊട്ടിയടച്ചു താക്കോല്‍ കടലിലേക്ക്‌ വലിച്ചെറിഞ്ഞത് ? നന്ദിതയില്‍ വായിച്ച ഓര്‍മ്മ. നൂഴ്ന്നു കയറ്റക്കാരെ സൂക്ഷിക്കുക.

    ReplyDelete
    Replies
    1. അതെ ഭായ്..
      ഇത് വായിച്ചാണ് നമ്മള്‍ ആദ്യം മിണ്ടിയതെന്നാണ് ഓര്‍മ..
      ഇപ്പോഴും ഓര്‍ക്കുന്നുണ്ടല്ലോ.. സന്തോഷം :)

      Delete
    2. ഓര്‍ക്കുന്നു. ഇനി ഒരു മുങ്ങല്‍ വിദഗ്ധനും മുങ്ങിതപ്പിയാല്‍ കിട്ടാത്തത്ര ആഴക്കടലിലേക്ക് താക്കോല്‍ വലിച്ചെറിഞ്ഞത്‌ എന്ന് പറഞ്ഞു എന്റെ വായടപ്പിച്ചു.

      Delete