Wednesday 4 December 2013

ഋതു

 (കുറെ നാളുകള്ക്ക് ശേഷം വീണ്ടും..
എഴുതുന്നില്ലെന്ന് വിചാരിച്ചിരിക്കുമ്പൊ  വീണ്ടും എന്നെ ഇങ്ങോട്ട്
തള്ളിക്കൊണ്ടു വരുന്ന പ്രിയമുള്ളവർക്ക് വേണ്ടി...
വല്യ ഗുണമൊന്നുമില്ല, സഹിച്ചോ)

ഓര്മകളുടെ ഇങ്ങേയറ്റത്ത്‌ ഒരു ചുംബനമുണ്ട് ,
ചുണ്ടുകളിൽ ഇരുന്നുറഞ്ഞുപോയ ഒന്ന്.
ഒരു മഞ്ഞുകാലത്തിന്റെയറ്റത്ത്
ഇലപൊഴിഞ്ഞു  മരവിച്ചുറങ്ങിയ ചില്ലകൾ

മഞ്ഞുകാലത്തിന്റെ നിസ്സംഗതയ്ക്കുമപ്പുറം
ചില്ലകളിൽ ഉറയാത്ത, മരവിക്കാത്ത ജീവനുണ്ട്.
നീ കണ്ടിട്ടുണ്ടോ അത്?
കാണും;വസന്തത്തിലെ ആദ്യത്തെ കാറ്റ് വീശുന്ന രാവിൽ
നീയും ലോകവുമുറങ്ങുമ്പോൾ,
ആ ചില്ലകളിൽ ജീവനു  തീ പിടിക്കും,
പുലർകാലത്തതു തളിർക്കും.

ശൈത്യകാലനിദ്രയിൽ നിന്നു നീയുണരുമ്പോഴാദ്യം
നടപ്പാതയോരത്തു കുഞ്ഞുപൂക്കൾ ചിരിക്കും
പിന്നീട് ,താഴ്വരയാകെ ചില്ലകളിൽ പുഞ്ചിരികൾ
നിനക്ക് കണ്ടു നിറയാനാവാത്തത്ര.

ആ ചില്ലകളിലേയ്ക്കു നീളുമ്പോൾ ,
നിന്റെ വിരലുകളാദ്യമായ്  വേദനയറിയും
തിരസ്കാരത്തിന്റെ ശൈത്യത്തിലുരുവായ
പ്രതിരോധത്തിന്റെ മുള്ളുകൾ.

നിന്റെ രക്തമാദ്യമായ് ഭൂമി തൊടും
അന്ന് , നിന്റെ വേനൽ  തുടങ്ങും

9 comments:

  1. ഋതു ഇങ്ങനെയാണ് മാറി മാറി വരും തീര്‍ച്ച .കുറെ നാളായല്ലോ കണ്ടിട്ട് :)

    ReplyDelete
    Replies
    1. നിങ്ങളെന്നെ കാണാറില്ലെങ്കിലും , ഞാൻ കാണാറുണ്ട് കാത്തിയുടെ പോസ്റ്റുകൾ, ഫേസ്ബുകിൽ :)

      Delete
  2. ഫെബ്രുവരീലൊരു സ്വപ്നവും കണ്ട് പൊയ പല്ലവിയുടെ അനുപല്ലവി പോലും കാണാനുണ്ടായിരുന്നില്ല ഇവിടെയെങ്ങും. എന്തായാലും വീണ്ടും കണ്ടതില്‍ സന്തോഷം. എഴുത്ത് തുടരുക, സഹിച്ചോളാം!

    ReplyDelete
    Replies
    1. എന്ത് പറയാൻ അജിത്തേട്ടാ .. പ്രാരാബ്ധം :)
      ഇനി ഇവിടൊക്കെ തന്നെ കാണും
      എഴുതാൻ അറിഞ്ഞുട, അതാണ്‌ പ്രശ്നം

      Delete
  3. മുള്ളും പൂവും പോലെ ഈ വാക്കുകള്‍

    ReplyDelete
    Replies
    1. മുള്ളും പൂവും പോലെ ജീവിതവും..:)
      മറന്നില്ലല്ലോ, സ്നേഹം.

      Delete
  4. ന്റെ ശ്രീവേദേ... പ്രണയിനീ...

    ReplyDelete
  5. തിരസ്കാരത്തിന്റെ ശൈത്യത്തിലുരുവായ പ്രതിരോധത്തിന്‍റെ മുള്ളുകള്‍ എന്‍റെ വിരലുകളെക്കാള്‍ നിന്‍റെ മനസ്സിനെ നോവിക്കും എന്ന് നിനക്കറിയാമായിരുന്നില്ലേ.. എന്‍റെ വേനലില്‍ വാടിക്കരിയുന്നത് നീയാണെന്നും നിനക്കറിയാമായിരുന്നില്ലേ.. എന്നിട്ടും....!

    നന്നായിട്ടുണ്ട് പല്ലവി...

    ReplyDelete
  6. നിത്യാ, നീയും... :)

    ReplyDelete